കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവം; കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചു, നടപടി എടുക്കും; അതിക്രമത്തില്‍ പ്രതികരിച്ച അധ്യാപികയെ അഭിനന്ദിച്ച് ഗതാഗത മന്ത്രി

 

കെഎസ്ആര്‍ടി സി ബസില്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബസ് ജീവനക്കാര്‍ക്ക് ബാധ്യതയുണ്ട്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിക്രമത്തില്‍ പ്രതികരിച്ച അധ്യാപികയെ ഗതാഗത മന്ത്രി അഭിനന്ദിച്ചു.

ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെഎസ്ആര്‍ടിസി ബസില്‍ വെച്ച് അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പൊലീസില്‍ യുവതി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു.

ലൈംഗികാതിക്രമം നടത്തിയ സഹയാത്രക്കാരനെയും ബസ് കണ്ടക്ടറേയും പ്രതിയാക്കിയാണ് കേസ്. സര്‍ക്കാര്‍ ജീവനക്കാരനായ കണ്ടക്ടര്‍ ഡ്യൂട്ടിയിലിരിക്കെ കൃത്യനിര്‍വണത്തില്‍ വീഴ്ച വരുത്തിയതിനാണ് കേസെടുത്തത്. മോശം അനുഭവം ഉണ്ടായ ശേഷം കണ്ടക്ടറോട് പരാതി പറഞ്ഞിട്ടും കൃത്യമായ നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്ന് യുവതി പറഞ്ഞിരുന്നു.

യുവതിയോട് മാപ്പ് പറയാന്‍ തയാറാണെന്ന് കണ്ടക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇടപെട്ട ഗതാഗതമന്ത്രി ആന്റണി രാജു യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. കണ്ടക്ടറുടെ ഭാഗത്തു നിന്നും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

 

Exit mobile version