മോദി സെലന്‍സ്‌കി ചര്‍ച്ച ഇന്ന്: ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍, പരുക്കേറ്റ ഹര്‍ജോതിനെ ഇന്ന് നാട്ടിലെത്തിക്കും

 

പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കും. ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തിലേത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. അതിനിടെ, യുക്രെയ്‌നില്‍ വെടിവയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് നാട്ടിലെത്തിക്കും. കീവില്‍ ചികില്‍സയിലുള്ള ഹര്‍ജ്യോത് സിങ്ങിനെ പോളണ്ടില്‍ എത്തിച്ചു. വൈകിട്ട് ആറുമണിയോടെ വ്യോമസേനാ വിമാനത്തില്‍ ഹര്‍ജ്യോത് സിങ്ങ് ഡല്‍ഹിയില്‍ എത്തും.

ഇതിനിടെ, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഹങ്കറിയില്‍ നിന്ന് 160 വിദ്യാര്‍ഥികള്‍ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഇന്ന് 7 വിമാനങ്ങളിലായി 1,500 വിദ്യാര്‍ത്ഥികളെ കൂടി യുക്രെയ്‌നില്‍ നിന്ന് നാട്ടിലെത്തിക്കും. അതേസമയം കിഴക്കന്‍ യുക്രെയ്‌നിലെ സൂമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നഗരം വിടാന്‍ തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.

യുക്രെയ്‌നിലെ പോള്‍ട്ടാവയില്‍ എത്തിച്ച് പടിഞ്ഞാറന്‍ അതിര്‍ത്തി വഴിയാണ് രക്ഷാപ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. 700 വിദ്യാര്‍ഥികള്‍ സൂമിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്.

 

Exit mobile version