പത്തനാപുരം ആശുപത്രിക്കെതിരായ വിമര്‍ശനം, ഡോക്ടേഴ്സിനെ അപമാനിച്ചിട്ടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ആശുപത്രിയിലെ വീഴ്ചയാണ് തുറന്നു കാട്ടിയത്. ആരോഗ്യമന്ത്രി വിഷയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ പറഞ്ഞു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോയിയേഷനും കേരള ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് ഫെഡറേഷനുമാണ് രംഗത്തെത്തിയത്.
ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചത് കൊണ്ടാണ് ടൈലും ഫ്‌ലെഷ് ടാങ്കും തകരാന്‍ ഇടയായത്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വിഷയത്തില്‍ അസിസ്റ്റന്റ് എന്‍ജീനിയര്‍ അടക്കമുള്ളവരാണ് നടപടി സ്വീകരിക്കേണ്ടതെന്നും അല്ലാതെ മെഡിക്കല്‍ ഓഫിസറിന്റെ ഉത്തരവാദിത്തമല്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടം നിര്‍മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോരെന്നും ഇവ പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം എം.എല്‍.എ മനസിലാക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 40 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തികയാണുള്ളത്. 70 വയസുള്ള ആള്‍ ജോലിയില്‍ നിന്ന് വിരമിച്ചു. നിലവിലെ ഒഴിവ് നികത്താന്‍ നടപടി സ്വീകരിച്ചിട്ടില്ല.
ആലോപതി സ്ഥാപനങ്ങളില്‍ നാലിരട്ടി ജീവനക്കാരെ നിയമിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആയുര്‍വേദ വകുപ്പില്‍ 1960ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് തുടരുന്നത്. ഇക്കാര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. തലവൂര്‍ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് യൂനിറ്റ് സ്ഥാപിച്ചെങ്കിലും ഫിസിയോതെറാപ്പിസ്റ്റ് തസ്തിക നിലവിലില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഉപകരണങ്ങളില്‍ പൊടിപിടിച്ചതെന്നും ഭാരവാഹികള്‍ വിശദീകരിക്കുന്നു.
