മണിപ്പൂരില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടി 92 സ്ഥാനാര്‍ത്ഥികള്‍, ഫലം മാര്‍ച്ച് 10ന്

 

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരില്‍ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളില്‍ നടക്കും. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.

രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് നാലുവരെ തുടരും. കൊവിഡ് പോസിറ്റീവ് അല്ലെങ്കില്‍ ക്വാറന്റൈനില്‍ കഴിയുന്ന വോട്ടര്‍മാരെ അവസാന മണിക്കൂറില്‍, ഉച്ചകഴിഞ്ഞ് 3 മുതല്‍ 4 വരെ വോട്ടുചെയ്യാന്‍ അനുവദിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 1,247 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. മൊത്തം 8.38 ലക്ഷം വോട്ടര്‍മാര്‍ക്കാണ് ഈ ഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ അര്‍ഹതയുള്ളത്.

ലിലോംഗ്, തൗബാല്‍, വാങ്ഖേം, ഹെയ്റോക്ക്, വാങ്ജിംഗ് ടെന്ത, ഖാന്‍ഗാബോ, വാബ്ഗൈ, കാക്കിംഗ്, ഹിയാങ്ലാം, സുഗ്നൂ, ജിരിബാം, ചന്ദേല്‍ (എസ്ടി), തെങ്നൗപല്‍ (എസ്ടി), ഫുങ്യാര്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ചിങ്ങായി (എസ്ടി), കരോങ് (എസ്ടി), മാവോ (എസ്ടി), തദുബി (എസ്ടി), തമേയ് (എസ്ടി), തമെംഗ്ലോങ് (എസ്ടി), നുങ്ബ (എസ്ടി) എന്നി 22 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.

രണ്ടാം ഘട്ടത്തിനായുള്ള എല്ലാത്തരം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 3 ന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ മണിപ്പൂര്‍ സര്‍ക്കാരിന്റെ കാലാവധി 2017 മാര്‍ച്ച് 20 ന് ആരംഭിച്ചു, 2022 മാര്‍ച്ച് 19 ന് അവസാനിക്കും. മണിപ്പൂരില്‍ ആകെ അറുപത് നിയമസഭാ മണ്ഡലങ്ങളാണുള്ളത്, ഇതില്‍ 38 മണ്ഡലങ്ങളില്‍ ഫെബ്രുവരി 28 ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നു.

ആദ്യ ഘട്ട സമാപനത്തോടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) പ്രകാരം സംസ്ഥാനത്ത് ശരാശരി 78.30 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

 

Exit mobile version