പി ജയരാജനെ വീണ്ടും തഴഞ്ഞു, ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇല്ല; സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ജി സുധാകരന്‍

 

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത്തവണയും പി ജയരാജനില്ല. സെക്രട്ടറിയേറ്റിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും പരിഗണിക്കേണ്ട സീനിയോറിറ്റിയുള്ള നേതാവായ പി ജയരാജനെ എന്നാല്‍ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയില്ല.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയിലിരിക്കെയാണ് സിപിഐഎം വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജനെ ഇടത് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ അന്ന് കെ. മുരളീധരനോട് പരാജയപ്പെട്ടു. കേരളത്തിലെ മറ്റ് ജില്ലാ സെക്രട്ടറിമാര്‍ മത്സരിച്ച് പരാജയപ്പെട്ടപ്പോഴും തിരിച്ച് ജില്ലാ സെക്രട്ടറി പദത്തിലെത്തിയിരുന്നു. എന്നാല്‍ പി. ജയരാജനെ പാര്‍ട്ടി തഴയുകയായിരുന്നു.

സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് മുതിര്‍ന്ന നേതാവ് ജി സുധാകരന്‍.”എല്ലാം കഴിഞ്ഞല്ലോ” എന്നായിരുന്നു സമ്മേളനത്തിന് ശേഷം സുധാകരന്റെ പ്രതികരണം. സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി. സുധാകരന്‍ കത്ത് നല്‍കിയിരുന്നുവെന്നും കോടിയേരി അറിയിച്ചു.

സുധാകരന്‍ അടക്കം 13 പേരെയാണ് സിപിഐഎം സംസ്ഥാന സമിതിയില്‍ ഒഴിവാക്കിയത്. പ്രായം കര്‍ശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചു.

89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം, സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താജെറോം, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു, പനോളി വല്‍സന്‍, രാജു എബ്രഹാം, കെ.അനില്‍ കുമാര്‍, പി.ശശി, കെ.എസ്.സലീഖ, ഒ.ആര്‍.കേളു, വി.ജോയി എന്നിവരെ ഉള്‍പ്പെടുത്തി. മന്ത്രി ആര്‍.ബിന്ദു ക്ഷണിതാവ്. എം.സ്വരാജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അവയെ അതിജീവിച്ച് പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരിക്ക് കഴിയുമെന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ ഒരാളെ ആ സ്ഥാനത്തേക്ക് എത്തിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും ഏറ്റെടുത്ത ക്യാമ്പയിനുകളെയും ബാധിക്കുമെന്നതിനാലുമാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനത്തിലേക്ക് എത്തിയത്.

 

Exit mobile version