രക്ഷാദൗത്യം; 19 വിമാനങ്ങളിലായി 3,726പേര്‍ ഇന്നെത്തും; കേരളത്തിലേക്ക് 3 സര്‍വീസുകള്‍

 

യുക്രെയ്ന്‍ രക്ഷാദൗത്യം തുടരുന്നു. 19 വിമാനങ്ങള്‍ ഇന്ന് എത്തുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. ബുക്കറെസ്റ്റില്‍ നിന്ന് എട്ടും ബുഡാപെസ്റ്റില്‍ നിന്ന് അഞ്ചും വിമാനങ്ങള്‍ എത്തും. മറ്റ് മൂന്നിടങ്ങളില്‍ നിന്നായി ആറു വിമാനങ്ങളും സര്‍വീസ് നടത്തും.

ഇതിനിടെ യുക്രെയിനില്‍നിന്നുള്ള രക്ഷാദൗത്യവുമായി വ്യോമസേനയുടെ നാലാം വിമാനവുമെത്തി. യുക്രെയ്‌നിലെ ഇന്ത്യക്കാരുമായി വ്യോമസേനയുടെ ഒരു വിമാനം കൂടി മടങ്ങിയെത്തി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 628 വിദ്യാര്‍ഥികളാണ് ഇന്ത്യയിലെത്തിയത്. പോളണ്ടില്‍നിന്ന് 220 യാത്രക്കാരുമായാണ് ഒടുവിലെ വിമാനമെത്തിയത്. ഹംഗറി, റുമാനിയ എന്നിവിടങ്ങളില്‍ നിന്നായിരുന്നു മറ്റ് വിമാനങ്ങള്‍. അവസാന ഇന്ത്യക്കാരനെയും തിരികെ എത്തിക്കുന്നത് വരെ സര്‍ക്കാരിന് വിശ്രമമില്ലെന്നു വിദ്യാര്‍ത്ഥികളെ സ്വീകരിച്ച ശേഷം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.

യുക്രെയ്‌നില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാനായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു വിമാനം രാവിലെ ഒന്‍പതരക്ക് യാത്രതിരിച്ചു. മറ്റൊന്ന് ഉച്ചതിരിഞ്ഞ് മൂന്നരക്കും വൈകിട്ട് ആറരക്കും ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിക്കും.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഡെസ്‌ക്ക് യുക്രെയിനില്‍ നിന്ന് എത്തുന്നവരുടെ തുടര്‍യാത്രയും മറ്റ് ആവശ്യങ്ങളും ഏകോപിപ്പിക്കും. നെടുമ്പോശേരിയില്‍ നിന്ന് കാസര്‍കോടേക്കും തിരുവനന്തപുരത്തേക്കും ബസ് സര്‍വീസുകളുണ്ടാകും. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക ഡെസക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താകുറിപ്പിലറിയിച്ചു.

Exit mobile version