മലപ്പുറം കാവനൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തുവ്വൂരിലെ സ്വകാര്യ സംരക്ഷണ കേന്ദ്രത്തിലുളള ഇരയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. ഇതിനിടെ പ്രതി സാക്ഷി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം പൊലീസ് തളളി.
വാടക വീട്ടില്‍ താമസിച്ചിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതി ടിവി ഷിഹാബിനെ പൊലീസ് സംഭവം നടന്നതിന് തൊട്ടു പിന്നാലെ അറസ്റ്റ് ചെയ്തിരുന്നു. ശാരീരിക അവശതകള്‍ മൂലം തളര്‍ന്ന് കിടക്കുന്ന പെണ്‍കുട്ടിയുടെ അമ്മയും പീഡനം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനാണ് ശ്രമമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കേസില്‍ പൊലീസിനെ വിവരമറിയിച്ചവര്‍ക്കും സാക്ഷി പറഞ്ഞവര്‍ക്കുമെതിരെ പ്രതിയുടെ ഭീഷണിയുണ്ടെന്ന പരാതി പൊലീസ് തളളി. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറയുന്നു.
