അവസാന ശ്വാസം വരെ പൊരുതും; ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത യുദ്ധത്തിനാണ് റഷ്യ തുനിഞ്ഞിരിക്കുന്നത്, ഞങ്ങള്‍ ഞങ്ങളെ സംരക്ഷിക്കും, ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതിനേയും; മാതൃരാജ്യത്തിനായി തോക്കെടുത്ത് യുക്രൈന്‍ എംപി

 

യുക്രൈനില്‍ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. എട്ട് ലക്ഷത്തിലേറെ പേര്‍ ഇതിനോടകം രാജ്യം വിട്ട് പാലായനം ചെയ്തു. ഏത് നിമിഷവും ഷെല്ലോ, മിസൈലോ തനിക്ക് മേല്‍ പതിക്കാമെന്ന് അറിഞ്ഞിട്ടും ആയുധമെടുത്ത് ജന്മനാടിന് വേണ്ടി പോരാടാന്‍ ഉറച്ചിരിക്കുകയാണ് യുക്രൈന്‍ എംപി കിര റുദിക്.

‘ഇതെന്റെ വീടാണ്. എന്റെ രാജ്യത്ത്, എന്റെ വീട്ടില്‍, എന്റെ കുടുംബത്തോടൊപ്പമാണ്. ഒരു റഷ്യന്‍ സൈനികനും എന്നെ എന്റെ രാജ്യത്ത് നിന്ന് തുരത്താന്‍ സാധിക്കില്ല. യുക്രൈന്‍ മണ്ണില്‍ നിന്ന് അവസാന റഷ്യന്‍ സൈനികനും പോകുന്നത് വരെ ഞാന്‍ പോരാടും. യുദ്ധം തുടങ്ങി ഏഴാം ദിവസവും റഷ്യയ്ക്ക് യുക്രൈനെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത യുദ്ധത്തിനാണ് റഷ്യ തുനിഞ്ഞിരിക്കുന്നത്. ഞങ്ങള്‍ ഞങ്ങളെ സംരക്ഷിക്കും, ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതിനേയും.’- ദൃഢ ശബ്ദത്തില്‍ കിര പറയുന്നു.

യുക്രൈന്റെ പക്കല്‍ ആവശ്യത്തിന് ആയുധങ്ങളുണ്ടെന്നും റഷ്യയെ തുരത്താനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്നും കിര വ്യക്തമാക്കി. പുടിന്റെ ശത്രു പട്ടികയില്‍ താനുണ്ടെന്ന് അറിയാമെന്നും, പക്ഷേ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി എങ്ങനെ പോരാടണമെന്ന മാതൃക താന്‍ കാണിച്ചുകൊടുക്കുമെന്നും കിര പറയുന്നു.

2019 മുതല്‍ യുക്രൈന്‍ പാര്‍ലമെന്റ് അംഗമാണ് കിര റുദിക്. ദ വോയ്സ് പാര്‍ട്ടിയുടെ പ്രതിനിധിയാണ് ഈ 36-കാരി. കീവ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള കിര ‘റിംഗ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Exit mobile version