കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്ന് പരാതി; പുനഃസംഘടനാ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്

 

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. നാല് എംപിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ അടിയന്തര ഇടപെടല്‍. രാജ് മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍ എന്നിവരാണ് പരാതിപ്പെട്ടത്. കെപിസിസി, ഡിസിസി ഭാരവാഹിത്വം ലഭിക്കുന്നത് അനര്‍ഹര്‍ക്കെന്ന് എംപി മാരുടെ ആരോപണം. നടപടി നിര്‍ത്തി വയ്ക്കാനുള്ള നിര്‍ദേശം താരിഖ് അന്‍വര്‍ കെ സുധാകരന് കൈമാറി.

ഡിസിസി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ രാത്രി കെപിസിസി ഓഫിസിലാണ് ഇരുവരും കണ്ടത്. കന്റോണ്‍മെന്റ് ഹൗസിലെ ‘റെയ്ഡ് വിവാദ’ത്തിനു ശേഷം പുനഃസംഘടന സംബന്ധിച്ച് ഇരുവരുടെയും ആദ്യ ആശയ വിനിമയമായിരുന്നു. ഡിസിസി ഭാരവാഹിപ്പട്ടികയില്‍ കെപിസിസി നേതൃത്വം ഏകപക്ഷീയമായി നീങ്ങുന്നുവെന്ന വികാരം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു കൂടിക്കാഴ്ച.

രണ്ടായാഴ്ച മുമ്പ് 14 ഡി.സി.സികളില്‍ നിന്ന് എത്തിച്ച ഭാരവാഹികളുടെ കരട് പട്ടിക കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെട്ടിച്ചുരുക്കിയിരുന്നു. ദിവസങ്ങള്‍ നീണ്ട ഈ പ്രക്രിയ തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും ചര്‍ച്ച ആരംഭിച്ചത്.

പട്ടിക സംബന്ധിച്ച് ഗ്രൂപ് നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഓരോ ജില്ലയിലും അവരുടെ താത്പര്യം മനസ്സിലാക്കാനായിരുന്നു ചര്‍ച്ച. അതിനു ശേഷമാണ് ജില്ലകളില്‍ നിന്ന് എത്തിച്ച കരട് പട്ടികയില്‍ വെട്ടിച്ചുരുക്കല്‍ നടത്തിയത്.

 

Exit mobile version