രക്ഷാദൗത്യം ഏകോപിപ്പിക്കല്‍; നാല് കേന്ദ്ര മന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക്

 

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹര്‍ദീപ് സിംഗ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വി.കെ സിംഗ് എന്നിവരാണ് പോകുന്നത്.

യുക്രെയിനില്‍ നിന്നുള്ള രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. 12 മലയാളികള്‍ അടക്കം 249 പേരുമായി ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള അഞ്ചാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. ഇന്ന് റുമേനിയയിലേക്കും ഹംഗറിയിലേക്കും ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനങ്ങള്‍ പോകും. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ 96 മലയാളികള്‍ അടക്കം 1156 പേരാണ് യുക്രെയിനില്‍ നിന്ന് മടങ്ങി എത്തിയത്.

അതേസമയം, യുക്രൈനിലെ തെക്കു കിഴക്കന്‍ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ സേന പിടിച്ചെടുത്തു. വടക്കന്‍ യുക്രൈനിലെ ചെര്‍ണിഗോവില്‍ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. സമാധാന ചര്‍ച്ചയ്ക്ക് യുക്രൈന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യന്‍ ആക്രമണം തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കിയവില്‍ റഷ്യയുടെ വ്യോമാക്രണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. റഷ്യന്‍ സേന വളഞ്ഞ കിയവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

യുക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് 14 കുട്ടികള്‍ ഉള്‍പ്പടെ 352 സാധാരണക്കാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതേസമയം റഷ്യയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി.

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി എന്ന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെ യുക്രൈന്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു.

 

Exit mobile version