‘പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ’; ഹോസ്റ്റലിന് സമീപം സ്ഫോടനം നടക്കുന്നു, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്ന് കീവിലെ വിദ്യാര്‍ത്ഥികള്‍

 

രണ്ട് ദിവസമായി തങ്ങള്‍ താമസിക്കുന്നത് ബങ്കറിലാണെന്ന് കീവില്‍ കുടങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലിന് സമീപം സ്ഫോടനം നടക്കുന്നുവെന്നും ഭക്ഷണത്തിന് ക്ഷാമം നേരിടുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നത് വല്ലപ്പോഴുമാണ്. പല ഭക്ഷണ സാധനങ്ങളും കടകളില്‍ പോലും ലഭിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

‘പുറത്ത് ഇറങ്ങാന്‍ പോലും മാര്‍ഗമില്ലാത്ത തങ്ങളോട് ഏങ്ങനെയെങ്കിലും അതിര്‍ത്തികളിലേയ്ക്ക് എത്താനാണ് എംബസി നിര്‍ദ്ദേശിക്കുന്നത്. ഒഴിപ്പിക്കലിനെക്കുറിച്ച് യാതൊരു നിര്‍ദ്ദേശവും ലഭിക്കുന്നില്ല’. ബങ്കറില്‍ താമസിക്കുന്നത് ശ്വാസം മുട്ടിയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

‘ഏത് സമയത്തും തയ്യാറായി ഇരിക്കാനാണ് നിര്‍ദ്ദേശം. വൈദ്യുതി ഏത് സമയത്തും വിച്ഛേദിക്കപ്പെടാം. ടാപ്പ് വെള്ളമാണ് ലഭിക്കുന്നത്. ഇതും ഏത് സമയത്തും തടസ്സപ്പെടാം. എംബസി ഇതുവരെ യാതൊരു വിവരവും നല്‍കിയിട്ടില്ല’. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഇവിടെ വിദ്യാര്‍ത്ഥികള്‍ കഴിയുന്നത് ഇടുങ്ങിയ സാഹചര്യങ്ങളിലാണ്. ഇവര്‍ പങ്കുവെച്ച വീഡിയോയില്‍ പൊട്ടിപ്പൊളിഞ്ഞ ഉള്‍വശങ്ങളാണ് ഭൂഗര്‍ഭ അറയില്‍ കാണാന്‍ കഴിയുന്നത്. കൂട്ടമായി കഴിയാന്‍ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇവിടെയെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നു. വിവിധ രാജ്യത്തുള്ളവര്‍ ഇവിടെ ഒരുമിച്ചാണ് കഴിയുന്നത്. പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.

 

Exit mobile version