കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 

യുക്രെയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മടങ്ങിയെത്തുന്നവരെ മലയാളികളെ കേരളം സൗജന്യമായി ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ മലയാളികള്‍ക്ക് വേണ്ട താമസ സൗകര്യവും ഒരുക്കാന്‍ തയ്യാറാണ് എന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയും അറിയിച്ചു. കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിനിടെ, യുക്രൈനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ആദ്യസംഘം ഉച്ചയോടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെത്തുന്നവരില്‍ 17 മലയാളികളുമുണ്ട്. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെടും.

ഡല്‍ഹിയില്‍ നിന്നും 7.30 ഓടെ റുമാനിയയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു.11.30 യോടെ റുമാനിയയില്‍ നിന്നുള്ള വിമാനം ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്യും. കൂടാതെ ഡല്‍ഹിയില്‍ നിന്നും ഹംഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടും. ഹംഗറിയില്‍ നിന്നും 1.15 ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങള്‍. വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങള്‍ സര്‍വീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം രക്ഷാദൗത്യങ്ങള്‍ വിലയിരുത്താനായി ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും.സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. യുക്രൈന്‍ സാഹചര്യങ്ങളെ യോഗം വിലയിരുത്തും.

 

Exit mobile version