പുറത്ത് സ്‌ഫോടന ശബ്ദങ്ങള്‍, എയര്‍ സൈറണ്‍, എങ്ങനെയെങ്കിലും ജീവന്‍ രക്ഷിച്ചാല്‍ മതി; പകച്ച് മലയാളി കുട്ടികള്‍

 

 

കീവ്: യുക്രൈനിലെ വിവിധ നഗരങ്ങളിലായി പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ പലരും കടുത്ത ദുരിതത്തിലും ആശങ്കയിലുമാണ്. പുറത്ത് പലരും സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. വ്യോമാക്രമണങ്ങള്‍ നടക്കാനുള്ള എയര്‍ സൈറണ്‍ കേള്‍ക്കുന്നതും പലരും ഓടി ബങ്കറുകളിലേക്കും ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകളിലേക്കും ഓടിക്കയറുകയാണ്.

തലേന്ന് എടിഎമ്മുകളില്‍ നിന്ന് പണം കിട്ടുകയോ ഭക്ഷണവും വെള്ളവും കിട്ടുകയോ ചെയ്യുന്നില്ല എന്നതായിരുന്നു ആശങ്കയെങ്കില്‍ ഇന്ന് എങ്ങനെയെങ്കിലും ജീവന്‍ രക്ഷിച്ചാല്‍ മതിയെന്നാണ് കുട്ടികള്‍ പറയുന്നത്.

കിഴക്കന്‍ യുക്രൈനില്‍ താമസിക്കുന്ന പലര്‍ക്കും ഒരു തരത്തിലും എങ്ങോട്ടേക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡിലേക്ക് ഇറങ്ങാന്‍ പോലും കഴിയില്ല. എത്രയും വേഗം കീവ് പിടിച്ചെടുക്കുക എന്നതാണ് റഷ്യന്‍ സൈന്യത്തിന്റെ ആവശ്യം. അതിനാല്‍ത്തന്നെ തുടര്‍ച്ചയായ ഷെല്ലിംഗുകളും ബോംബിംഗുമാണ് നടക്കുന്നത്.

എംബസി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പല കുട്ടികളോടും ആവശ്യപ്പെടുന്നത് പടിഞ്ഞാറന്‍ യുക്രൈനിലേക്ക് എത്താനാണ്. എന്നാല്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയില്‍ തുടരുന്ന തങ്ങള്‍ എങ്ങനെ അങ്ങോട്ടെത്തും എന്നാണ് കുട്ടികള്‍ ചോദിക്കുന്നത്. റോഡ് മാര്‍ഗം യാത്ര ചെയ്യുക എന്നത് അത്യന്തം അപകടകരമാണ്. തുടര്‍ച്ചയായി കേള്‍ക്കുന്നത് സ്‌ഫോടന ശബ്ദങ്ങള്‍ മാത്രമാണ്.

സര്‍വകലാശാലകളില്‍ പല കുട്ടികള്‍ക്കുമുള്ള മെന്റര്‍മാര്‍ മാത്രമാണ് ആകെ ആശ്വാസം. അവര്‍ മാത്രമാണ് വിവരങ്ങള്‍ കൃത്യമായി അറിയിച്ച് നല്‍കുന്നത്. മിനിഞ്ഞാന്ന് വരെ ക്ലാസുണ്ടായിരുന്ന കുട്ടികളാണ് ഇന്നലെ അപ്രതീക്ഷിതമായി യുദ്ധം തുടങ്ങിയതോടെ ആകെ ദുരിതത്തിലായിട്ടുള്ളത്. ഓഫ് ലൈന്‍ ക്ലാസുകള്‍ നടക്കുന്നതിനാല്‍ത്തന്നെയാണ് കുട്ടികള്‍ മടങ്ങാന്‍ മടിച്ചത്. അറ്റന്‍ഡന്‍സ് ഉള്‍പ്പടെ നഷ്ടമാകുമെന്ന ഭയവും പലര്‍ക്കുമുണ്ടായിരുന്നു.

വളരെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളാണ് പലരും. ലോണ്‍ എടുത്ത് പഠിക്കുന്നവരാണ് മിക്ക കുട്ടികളും. അതിനാല്‍ത്തന്നെ പല തവണ വിമാനട്ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല എന്നും പലരും വ്യക്തമാക്കുന്നുണ്ട്.

 

Exit mobile version