നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ സൂചിപ്പിച്ചിരുന്നു. ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് ഇരയായ നടി കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.
കേസന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചന ക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണ ക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ധാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
അതേസമയം, നടിയെ അക്രമിച്ച കേസില്‍ മാധ്യമ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും.
