പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; റോയ് വയലാട്ട്, അഞ്ജലി റീമാ ദേവിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, അഞ്ജലി റീമാ ദേവ്, സൈജു തങ്കച്ചന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പരാതിക്കാര്‍ തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന വാദത്തിലാണ് പ്രതികള്‍. കോടതിയില്‍ സമാന വാദം തന്നെയായിരിക്കും ഇന്നും മൂവരും ഉന്നയിക്കുക. നേരത്തെ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി പരിശോധിച്ച ശേഷമായിരിക്കും ഹര്‍ജി പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

മോഡലുകളുടെ അപകട മരണത്തിന്റെ പേരില്‍ ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് പുതിയ കേസെന്ന് റോയ് വയലാട്ട് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു. ഹര്‍ജി കോടതി തള്ളിയാല്‍ അറസ്റ്റിലേക്ക് നീങ്ങാനുള്ള സാധ്യതകളേറെയാണ്.

2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.

Exit mobile version