കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്; യോഗിക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അംഗീകരിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

യോഗി നടത്തിയത് രാഷ്ട്രീയമായി ശരിയല്ലാത്ത വിമര്‍ശനമാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യത്തിന് ഇപ്പോള്‍ മുതിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വിവാദത്തിലായിരുന്നു. വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ യു.പി കേരളത്തിനും, ബംഗാളിനും, കശ്മീരിനും തുല്യമാകുമെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.

കേരളത്തിന് അര്‍ഹതപ്പെട്ട പലതും നിഷേധിക്കപ്പെടുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേരളത്തിന്റെ പല നേട്ടങ്ങളും അക്കാര്യത്തില്‍ പാരയായി മാറുകയാണ്. എയിംസ് ഇപ്പോഴും കിട്ടാക്കനി. ഏകികൃത്യമായ രീതിയില്‍ ആവശ്യങ്ങള്‍ ഉയര്‍ത്തും. കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കണ്ണൂരിനെ കലാപ ഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര വികസന സൂചികകളില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞത്.

കലാപങ്ങള്‍ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാണ്. കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ റെയിലിന്റെത്. പദ്ധതിക്ക് ആവശ്യമായ പ്രകൃതി വിഭവ സമാഹരണത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Exit mobile version