തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേര്‍ കസ്റ്റഡിയില്‍

 

തലശേരിയിലെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. നാല് പേര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവര്‍ ബിജെപി -ആര്‍എസ് എസ് അനുഭാവികളാണ്. അതോടൊപ്പം
വിവാദ പ്രസംഗം നടത്തിയ ബിജെ പി കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കും.

അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

തലശേരി ബിജെപി കൗണ്‍സിലര്‍ നടത്തിയ ഭീഷണി പ്രസംഗം പുറത്തു വന്നിരുന്നു. കൗണ്‍സിലര്‍ കെ.ലിജേഷാണ് ഭീഷണി പ്രസംഗം നടത്തിയത്. ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിനിടയിലായിരുന്നു ഭീഷണി പ്രസംഗം. നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യണ്ടേതെന്ന് കൃത്യമായി അറിയാമെന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.

‘ കോടിയേരി മേഖലയുടെ സ്വഭാവമനുസരിച്ച് നമ്മുടെ പ്രവര്‍ത്തകരുടെ മേല്‍ കൈവച്ചിട്ട് അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലഘട്ടങ്ങളിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇവിടെയുള്ള സിപിഐഎം നേതാക്കള്‍ക്കറിയാം. പക്ഷേ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് കൊടും ക്രിമിനലുകളായിട്ടുള്ള രണ്ട് പേരുടെ തോന്ന്യാസത്തിന് നമ്മുടെ നാട് അശാന്തിയിലേക്ക് പകരേണ്ടതില്ല’- എന്നായിരുന്നു ലിജേഷിന്റെ പ്രസംഗം.

ഹരിദാസന്റേത് ആര്‍ എസ് എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് സിപിഐഎം ആരോപിക്കുന്നത്. കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Exit mobile version