വധ ഗൂഢാലോചനക്കേസ്; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

 

വധഗൂഢാലോചനക്കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്റെ നിര്‍ദ്ദേശം അനൂപിനും സുരാജിനും ലഭിച്ചു. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാ ഫലം കിട്ടിയിട്ടുണ്ട്. കൂടുതല്‍ പേരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും.

ഇന്നലെ ഹാജരാകണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അനൂപിനു നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, തന്റെ ബന്ധു മരിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി അനൂപ് ചോദ്യം ചെയ്യലിന് എത്തിയില്ല. ദിലീപിനെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് നീക്കം. 6 ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ഇന്ന് വൈകുന്നേരമോ നാളെയോ കൊണ്ട് ക്രൈംബ്രാഞ്ചിനു ലഭിക്കും.

വധഗൂഢാലോചന കേസില്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

 

Exit mobile version