റെയില്‍വെ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

 

 

നദിക്ക് കുറുകെയുള്ള റെയില്‍വെ പാലത്തില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂരിലെ കന്‍സായി റെയില്‍ പാലത്തിലാണ് സംഭവം.

വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂര്‍ രാജര്‍ബഗന്‍ സ്വദേശി മുസ്താഖ് അലി ഖാന്‍ (36), ഹതില്‍ക സ്വദേശി അബ്ദുള്‍ ഗെയ്ന്‍ (32) എന്നിവരെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ജുന്‍മത് ഗെയ്ന്‍ (35) രാജര്‍ബഗാന്‍ സ്വദേശിയാണ്.

വിനോദ യാത്രക്കായെത്തിയ മൂന്നു പേരും സെല്‍ഫിയെടുക്കാന്‍ കങ്സാവതി നദിക്ക് കുറുകെയുള്ള റെയില്‍വേ പാലത്തിന് നടുവിലേക്ക് നടന്നു പോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഈ സമയത്താണ് മിഡ്‌നാപൂര്‍- ഹൗറ ലോക്കല്‍ ട്രെയിന്‍ എതിരെ വന്നത്. ട്രെയിനിന്റെ ശബ്ദം കേട്ട മൂന്നു പേരും പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും രക്ഷപ്പെടാന്‍ സാധിച്ചില്ല.

ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റൊരാള്‍ വൈകിട്ട് 4.30 ഓടെയാണ് മരിച്ചത്. റെയില്‍വെ പൊലീസ് എത്തിയാണ് ഗെയിനിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

പാളത്തിലൂടെ നടന്നു പോകുന്ന മൂന്നു പേര്‍ക്കും ലോക്കോ പൈലറ്റ് ഹോണ്‍ മുഴക്കി മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Exit mobile version