വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറില്‍ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവം; കൊല്ലപ്പെട്ട ജിഷ്ണുവിന് ബോംബിനെ കുറിച്ച് അറിയാമായിരുന്നു; ബോംബെറിഞ്ഞത് അക്ഷയ്, 2 പേര്‍ കൂടി കസ്റ്റഡിയില്‍

 

വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറില്‍ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തില്‍ ബോംബെറിഞ്ഞയാളെ തിരിച്ചറിഞ്ഞു. ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസു പറഞ്ഞു. സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശികളായ സനീഷ്, ജിജില്‍ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി.

ഏച്ചൂര്‍ സ്വദേശി റിജുലിനെ അക്ഷയ്‌ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിഥുന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പൊലീസ് നിഗമനം.

മിഥുനടക്കം നാല് പേര്‍ക്ക് ബോംബാക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായാണ് സൂചന. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരം. തോട്ടടയിലുള്ളവര്‍ക്ക് നേരെ എറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നെന്നാണ് പിടിയിലായവരും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വിവാഹം കഴിഞ്ഞ് തോട്ടടയിലേക്ക് എത്തിയവരുടെയെല്ലാം മൊഴി എടയ്ക്കാട് പൊലീസ് രേഖപ്പെടുത്തി. ഇനിയും പിടികൂടാനുള്ളവര്‍ ജില്ല വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ബോംബറിഞ്ഞ ഏച്ചൂര്‍ സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന ഊര്‍ജിതമാക്കി.

ഏച്ചൂര്‍ പാതിരപ്പറമ്പില്‍ പരേതനായ മോഹനന്റെ മകന്‍ ജിഷ്ണു (26) ആണു ബോംബേറില്‍ മരിച്ചത്. 6 പേര്‍ക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാര്‍ട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടന്‍, 100 മീറ്റര്‍ പിന്നിലായി ചാല 12 കണ്ടി റോഡിലാണു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സല്‍ക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരില്‍ നിന്നും തോട്ടടയില്‍ നിന്നുമുള്ള 2 വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബോംബേറ് ഉണ്ടായത്.

 

Exit mobile version