പാര്‍ട്ടിയോട് ആലോചിക്കാതെ പ്രഖ്യാപനങ്ങള്‍: ചെന്നിത്തലയോട് കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

 

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിയാലോചനയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കെ.പി.സി.സിയുടെ വിമര്‍ശനം. നയപരമായ കാര്യങ്ങളില്‍ നേതൃത്വത്തെ നോക്കുകുത്തിയാക്കി ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതിലാണ് അതൃപ്തി. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കും.

പി.സി.സി അധ്യക്ഷനും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും നയപരമായ കാര്യങ്ങള്‍ പറയുന്നതാണ് കോണ്‍ഗ്രസ് രീതി. മുന്‍ഗാമികള്‍ പാലിച്ചു പോരുന്ന കീഴ്‌വഴക്കമാണിത്. ഉമ്മന്‍ ചാണ്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പദവി രമേശ് ചെന്നിത്തല ഏറ്റെടുത്തപ്പോഴും വി എം സുധീരന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷനായപ്പോഴും ഇത് തുടര്‍ന്നു വന്നു.

കൂടിയാലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ കെ.പി.സി.സി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ പറയുന്ന രീതി തുടരാന്‍ ചെന്നിത്തല തയ്യാറാവാത്തതാണ് നേതൃത്വത്തിന്റെ അമര്‍ഷത്തിന് കാരണം.

ഏറ്റവും അവസാനം ലോകായുക്ത നിയമ ഭേദഗഗതില്‍ നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയതും രമേശ് ചെന്നിത്തലയായിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെയായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. ഇത് ശരിയല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമുള്ളത്.

ഇതേതുടര്‍ന്നാണ് തങ്ങളുടെ നിലപാട് രമേശ് ചെന്നിത്തലയെ നേരിട്ട് അറിയിക്കാന്‍ ഇരുവരും തീരുമാനിച്ചത്. പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും അറിഞ്ഞ് മാത്രമേ നയപരമായി കാര്യങ്ങളില്‍ മുന്നോട്ട് പോകാന്‍ പാടുള്ളൂവെന്ന് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെടും.

 

Exit mobile version