ഹിജാബ് വിവാദത്തിനിടെ നാളെ സ്‌കൂള്‍ തുറക്കും; ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ അനുവദിക്കില്ല

 

 

കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപ്പിയില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. നാളെ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നാളെ രാവിലെ 6 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് നിരോധനാജ്ഞ. സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടമോ പ്രതിഷേധമോ അനുവദിക്കില്ല. പൊലീസ് സൂപ്രണ്ടിന്റെ അപേക്ഷ പ്രകാരം ഉഡുപ്പി ഡപ്യൂട്ടി കമ്മീഷണര്‍ കുര്‍മ റാവുവാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളജില്‍ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതല്‍ കോളജുകള്‍ ഹിജാബിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തി. ഹിജാബ് കേസില്‍ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാര്‍ഥിനി സുപ്രീംകോടതിയെ സമീപിച്ചു. കൂടാതെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസും ഒരു മാധ്യമ വിദ്യാര്‍ഥിയും കൂടി സുപ്രിംകോടതിയെ സമീപിച്ചു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാര്‍ഥിനികള്‍ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. കര്‍ണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാല്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.

ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ തിങ്കളാഴ്ചയും വാദം തുടരും.

 

Exit mobile version