വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസ്; പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി; അന്വേഷണം ഊര്‍ജിതം

 

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. മയക്കു മരുന്നിന്റെ കാരിയേഴ്സ് ആയി ഉപയോഗിക്കാനാണ് പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനികളെ വശത്താക്കിയത്. പിടിയിലായ യുവാക്കള്‍ ഇവര്‍ക്ക് എംഡിഎംഎയും സ്റ്റാമ്പും കൈമാറിയതായി പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ തൃപ്പൂണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റിയന്‍, ജിത്തു എന്നിവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടികളില്‍ ഒരാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. പഠനത്തില്‍ കുട്ടികള്‍ കുറച്ചുകാലമായി ശ്രദ്ധിക്കുന്നില്ലെന്നും പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയിരുന്നെന്നും രക്ഷിതാക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ പെണ്‍കുട്ടികളുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം എറണാകുളം നോര്‍ത്തില്‍വെച്ച് അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്. പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും രണ്ട് യുവാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറുമായി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനാണ് പൊലീസിനെ വിളിച്ചത്. ശേഷം പൊലീസെത്തി അപകടവിവരം അന്വേഷിക്കുകയും വാഹനത്തിനുള്ളില്‍ പരിശോധന നടത്തുകയുമായിരുന്നു.

വാഹനം പരിശോധിക്കുന്നതിനിടയില്‍ പെണ്‍കുട്ടികളുടെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് ചോദ്യം ചെയ്യലിലേക്ക് എത്തിച്ചത്. കാറിന്റെ ഡിക്കിയില്‍ നിന്നടക്കം കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തി. നാല് കുട്ടികളും ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയെയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

 

Exit mobile version