സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം 15ന് കണിച്ചുകുളങ്ങരയില്‍ തുടക്കം; നേതൃനിരയിലും ഭിന്നത, ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക ജില്ലാ സമ്മേളനം വേദിയാകും

 

കൊവിഡ് സാഹചര്യത്തില്‍ മാറ്റിവച്ച സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയതികളില്‍ കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ (എം.എ.അലിയാര്‍ നഗര്‍) ചേരും. മൂന്നു ദിവസമായി നടത്താന്‍ നിശ്ചയിച്ച സമ്മേളനം പൊതുപരിപാടികള്‍ ഒഴിവാക്കി രണ്ടു ദിവസമായി ചുരുക്കുകയായിരുന്നു. ഒടിവേളയ്ക്ക് ശേഷം പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തമായ ശേഷമാണ് സമ്മേളനമെന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടിക്കുള്ളില്‍ നേരത്തെ മുതല്‍ വിഭാഗീയത ശക്തമായിരുന്നു. അന്ന് വെല്ലുവിളി ഉയര്‍ത്തിയിരുന്നത് മുതിര്‍ന്ന നേതാക്കളായ ജി.സുധാകരന്‍ തോമസ് ഐസക് പക്ഷങ്ങളുയര്‍ത്തിയ പ്രശ്നങ്ങളായിരുന്നു. എന്നാല്‍ അതിന് ശമനമായിട്ടുണ്ടെങ്കിലും നേതൃ നിരയിലേയ്ക്ക് ഉയര്‍ന്ന പുതിയ ആളുകളും പല പക്ഷങ്ങളിലാണ്. ഇത് ലോക്കല്‍ ഏരിയാ സമ്മേളനങ്ങളില്‍ പ്രകടമായിരുന്നു.

തെരഞ്ഞെടുപ്പിനും തുടര്‍ന്ന് ജി.സുധാകരനെതിരേ ഒന്നിച്ചു നിന്ന നേതൃനിരയിലും ഭിന്നത രൂക്ഷമാണ്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം കീഴ്ഘടകങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ട്. ഇതോടെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാകും ആലപ്പുഴ ജില്ലാ സമ്മേളനം വേദിയാകുക.

അതേസമയം, ആര്‍.നാസര്‍ തല്‍സ്ഥാനത്ത് തുടരാനാണ് സാധ്യത. സമ്മേളനം 15ന് രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവന്‍, ഡോ.ടി.എം.തോമസ് ഐസക്, എം.സി.ജോസഫൈന്‍, എം.വി.ഗോവിന്ദന്‍, എ.കെ.ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം പി.രാജീവ് എന്നിവര്‍ പങ്കെടുക്കും. രണ്ടാം ദിവസവും പൊതു ചര്‍ച്ച തുടരും.

ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ജനുവരി 28, 29, 30 തീയതികളിലായി നടത്തുവാനിരുന്ന ജില്ലാ സമ്മേളനം കൊവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു. ആലപ്പുഴ സമ്മേളനവും പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ സമ്മേളനങ്ങളും കഴിയും. സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന് മുതല്‍ നാലുവരെ എറണാകുളത്ത് നടക്കും.

 

Exit mobile version