ചാരിറ്റി തട്ടിപ്പ്; മാധ്യമ പ്രവര്‍ത്തകയുടെ 1.77 കോടി സ്വത്തുക്കള്‍ കണ്ടുകെട്ടി; കോടികള്‍ സമാഹരിച്ചത് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ ”കെറ്റോ” വഴി

 

മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന്റെ 1.77 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചാരിറ്റിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് അനധികൃതമായി പണം സമ്പാദിച്ചെന്നാണ് റാണയ്ക്കെതിരായ ആരോപണം. പരാതിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഇന്ദിരാപുരം പൊലീസ് കേസെടുത്തിരുന്നു.

വികാസ് സാംകൃത്യായന്‍ എന്നയാള്‍ 2021 ഓഗസ്റ്റ് 28-ന് നല്‍കിയ പരാതിയിലാണ് എഫ്ഐആര്‍ ചുമത്തിയത്. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ ”കെറ്റോ” വഴി മൂന്ന് കാമ്പെയ്നുകളിലായി അയ്യൂബ് കോടികള്‍ സമാഹരിച്ചതായി എഫ്ഐആറില്‍ പറയുന്നു.

2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ഫണ്ട് ശേഖരിച്ചിരുന്നു. 2020 ജൂണ്‍-സെപ്റ്റംബര്‍ കാലയളവില്‍ അസം, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും, 2021 മെയ്-ജൂണ്‍ കാലയളവില്‍ കൊവിഡ് സഹായം എന്ന പേരിലും റാണ പണം സമാഹരിച്ചതായി എഫ്ഐആര്‍ വ്യക്തമാകുന്നു.

ആകെ 2.69 കോടി (2,69,44,680) രൂപ റാണ അയ്യൂബ് സമാഹരിച്ചു. ഈ തുകയില്‍ 72,01,786 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും, സഹോദരി ഇഫ്ഫത്ത് ഷെയ്ഖിന്റെ അക്കൗണ്ടില്‍ 37 ലക്ഷം രൂപയും പിതാവ് മൊഹമ്മദിന്റെ അക്കൗണ്ടില്‍ 1.60 കോടി രൂപയും നിക്ഷേപിച്ചു. ആരോപണം ഉയര്‍ന്നതോടെ ഫണ്ടുകളെല്ലാം പിന്നീട് സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

അന്വേഷണം ആരംഭിച്ചതോടെ 31.16 ലക്ഷം രൂപയുടെ ചെലവ് രേഖകള്‍ അയ്യൂബ് സമര്‍പ്പിച്ചു. പിന്നീട് കണക്കുകള്‍ തെറ്റാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. യഥാര്‍ത്ഥ ചെലവ് 17.66 ലക്ഷം രൂപ മാത്രമാണെന്ന് സംഘം അറിയിച്ചു. മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചെലവുകള്‍ക്കായി ചില സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ബില്ലുകള്‍ അയ്യൂബ് തയ്യാറാക്കിയതായി കണ്ടെത്തി.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതിയിലാണ് ചാരിറ്റിയുടെ പേരില്‍ ഫണ്ട് സമാഹരിച്ചതെന്നും അവ പ്രഖ്യാപിത ആവശ്യത്തിനായി പൂര്‍ണ്ണമായും വിനിയോഗിച്ചില്ലെന്നും ഇഡി ആരോപിച്ചു.

 

Exit mobile version