മോഹഭംഗമെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ല; ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനം, വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല

 

കണ്ണൂര്‍ വിസി പുനര്‍ നിയമനം ലോകായുക്തയില്‍ വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹഭംഗമെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍ ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ചുമതല ആര് നിര്‍വഹിക്കണം എന്നതില്‍ ഒരു മത്സരവുമില്ല. ഡിസിസി ഭാരവാഹികളുടെ പട്ടിക കൂടാതെ കെപിസിസി സെക്രട്ടറിമാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചര്‍ച്ച ചെയ്തിരുന്നു.

ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന തന്റെ വാദം അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ലോകായുക്ത വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നത്. ഈ വിഷയത്തില്‍ ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണ്.

വിസിയുടെ പുനര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും വളരെ ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ഹര്‍ജി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

Exit mobile version