കാത്തിരുന്ന വാര്‍ത്ത: സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു; ബാബു പുറത്തേക്ക്

 

പാലക്കാട് മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് യുവാവിനെ ചേര്‍ത്ത് കെട്ടിയിരിക്കുകയാണ്. രണ്ട് പേരെയും സംഘാംഗങ്ങള്‍ ഒരുമിച്ച് മുകളിലേക്ക് വലിച്ചെടുക്കാന്നാണ് ശ്രമം നടക്കുന്നത്.

ബാബുവിന് രക്ഷാദൗത്യ സംഘം ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. സൈനികര്‍ ബാബുവുമായി സംസാരിക്കുകയും ഭക്ഷണക്കിറ്റ് നല്‍കുകയും ചെയ്തു. ദൗത്യ സംഘത്തിന് ബാബുവിന്റെ തൊട്ടടുത്ത് എത്താന്‍ സാധിച്ചതോടെ അല്‍പ സമയത്തിനുള്ളില്‍ ബാബുവിന് താഴെയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

ബാബുവിനെ രക്ഷിച്ച് ഉടന്‍ താഴെയെത്തിക്കുമെന്ന പ്രതീക്ഷയില്‍ മലയുടെ അടിവാരത്ത് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മെഡിക്കല്‍ സംഘവും ആംബുലന്‍സും ഡോക്ടര്‍മാരും അതീവ ജാഗ്രതയോടെ താഴെ തുടരുകയാണ്.

ഒരു ടീം മുകള്‍ ഭാഗത്തു നിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. ഡ്രോണ്‍ ദൃശ്യങ്ങള്‍ എടുത്ത് രക്ഷാ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് നല്‍കി വരുന്നുണ്ട്. മലകയറ്റത്തില്‍ വിദഗ്ദരായ 20 പേരടങ്ങുന്ന എന്‍.ഡി.ആര്‍.എഫ് സംഘവും മലയുടെ മുകളില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

കുറച്ചു മുന്‍പ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തി യുവാവിന് ഭക്ഷണവും വെള്ളം നല്‍കിയിരുന്നു. നിലവില്‍ യുവാവിന്റെ നില ആരോഗ്യനില തൃപ്തികരമാണ്.

 

Exit mobile version