തിരുവനന്തപുരം കുറവന്‍കോണത്ത് കടയ്ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങളും ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. സംഭവം നടന്ന ദിവസം അമ്പലമുക്ക്- കുറവന്‍കോണം റോഡിലൂടെ സംശയാസ്പദമായി നടന്നു പോകുന്നയാളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ കയ്യില്‍ മുറിപ്പാടുണ്ടായിരുന്നു എന്ന സാക്ഷിമൊഴിയും പൊലീസിനു ലഭിച്ചു.
നെടുമങ്ങാട് സ്വദേശി വിനീത (38) യാണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിരുന്നു. ചോരവാര്‍ന്നാണ് മരണം. കുറവന്‍കോണത്തെ ചെടി നഴ്‌സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്.
ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതു ഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്.
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാല കാണാനില്ല. വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു.
