സ്വര്‍ണക്കടത്തില്‍ ഇ.ഡി ഇടപെടല്‍; സ്വപ്‌ന സുരേഷിന് നോട്ടിസ്, നാളെ ചോദ്യം ചെയ്യും; കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തു വിട്ടതില്‍ അന്വേഷണം

 

സ്വപ്‌ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ രേഖപ്പെടുത്തും. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കം. നാളെ രാവിലെ 11 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തു വിട്ടതിലാണ് അന്വേഷണം. മുഖ്യമന്ത്രിയെ കുടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചില്‍. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക.

സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിട്ടുണ്ടെന്നായിരുന്നു എം.ശിവശങ്കരന്റെ ആത്മകഥയില്‍ പറയുന്നത്. തന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജന്‍സികള്‍ കരുതിയെന്നും ആത്മകഥയില്‍ പരാമര്‍ശമുണ്ട്. ഇ.ഡിയുടെ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന, തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ എം. ശിവശങ്കരനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍.

അതേ സമയം വെളിപ്പെടുത്തലുണ്ടായി രണ്ടു ദിവസം കഴിഞ്ഞിട്ടും കേരള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ ഇ.ഡി.

കേസുതുടരുന്നതിനിടെ, സര്‍ക്കാരിന്റെ അനുവാദമില്ലാതെ, എം.ശിവശങ്കര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വ്യക്തിപരമായ നിലയിലുള്ള വെളിപ്പെടത്തലുകളെന്നു പറഞ്ഞു സ്വപ്ന സുരേഷിന്റെ പ്രസ്താവനകളെ കാണാനാവില്ലെന്നാണ് വിലയിരുത്തല്‍.

 

Exit mobile version