വാക്സിനേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം; നയം അധികൃതര്‍ കൃത്യമായി പാലിച്ചേ തീരൂ എന്ന് സുപ്രിംകോടതി

 

കൊവിഡ് വാക്സിനേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാര്‍ നയം അധികൃതര്‍ കൃത്യമായി പാലിച്ചേ തീരൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്സിനേഷന്‍ രജിസ്ട്രേഷന് ഉള്‍പ്പെടെ ആധാര്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കി.

വാക്സിനേഷന് വേണ്ടി ആധാര്‍ കാര്‍ഡ് കാണിക്കണമെന്ന് ചില വാക്സിന്‍ കേന്ദ്രങ്ങള്‍ നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാര്‍ നയം പാലിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. വാക്സിനേഷനുള്ള ഏക തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കാന്‍ നിര്‍ബന്ധിക്കരുതെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ഹര്‍ജിയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വാക്സിനേഷനായി ഇനി മുതല്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി ഇവയില്‍ ഏതെങ്കിലുമൊന്ന് നല്‍കിയാല്‍ മതിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Exit mobile version