വര്‍ക്ക് ഫ്രം ഹോം അവസാനിച്ചു; മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഇന്നു മുതല്‍ ഓഫീസിലേക്ക്

 

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാര്‍ക്കും ഹാജരാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ സാഹചര്യത്തെ കുറിച്ച് ഇന്നലെ അവലോകന യോഗം ചേര്‍ന്നിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്താണ് വര്‍ക്ക് ഫ്രം ഹോം അടക്കമുള്ള ഇളവുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജനുവരി മൂന്നിനാണ് അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50ശതമാനം ജീവനക്കാര്‍ക്കും ജനുവരി 31 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കി പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടുന്നതായി ജനുവരി 31 ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ ഇളവുകള്‍ റദ്ദ് ചെയ്തുകൊണ്ട് എല്ലാ വിഭാഗങ്ങളിലെയും വകുപ്പ് മേധാവികള്‍ മുഖേനെ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു ജീവനക്കാരനും ഇനി വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

Exit mobile version