കായംകുളം: സ്കൂൾ വിദ്യാർഥിയെ സൂപ്രണ്ട് കരണത്തടിച്ചെന്നു പരാതി. കായംകുളത്തുള്ള ടെക്നിക്കൽ ഹൈസ്കൂളിലെ സൂപ്രണ്ടിനെതിരെയാണ് പരാതി. സ്കൂളിലെ ഒന്പതാം ക്ളാസ് വിദ്യാർത്ഥിയാണ് കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാവിലെ ടീച്ചർ പഠിപ്പിച്ചു കൊണ്ടിരിക്കെ അതുവഴി വന്ന സൂപ്രണ്ട് ക്ലാസ് മുറിയിൽ ഡെസ്കിന് മുകളിൽ താളം പിടിച്ചതിന്റെ പേരിൽ തന്നെ ഷർട്ടിൽ പിടിച്ച് ഓഫീസ് മുറിയിൽ കൊണ്ടുവന്ന ശേഷം കൈ കൊണ്ട് കരണത്തടിച്ചെന്നാണ് വിദ്യാർത്ഥി നൽകിയ മൊഴിയിൽ പറയുന്നത്.
നേരത്തെ ചെവിക്കു വേദനയുണ്ടായിരുന്ന വിദ്യാർഥിക്ക് ഇതോടെ വേദന ശക്തമായതിനേത്തുടർന്ന് മറ്റു വിദ്യാർഥികളും സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളും ചേർന്ന് വിദ്യാർത്ഥിയെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.