നേപ്പാളിലെ ദാമനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ ; ദുരന്തകാരണം കാർബൺ മോണോക്സൈഡ്

തിരുവനന്തപുരം: നേപ്പാളിലെ ദാമനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ. അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 15 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണു മരിച്ചത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്.

ദുബായിൽ എൻജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ നായര്‍ (39), ഭാര്യ ശരണ്യ  (34) ഇവരുടെ മക്കളായ ശ്രീഭദ്ര  (9), ആർച്ച , അഭിനവ് , തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ കോഴിക്കോട് സ്വദേശി രഞ്ജിത്ത് കുമാർ (39) ഭാര്യ ഇന്ദു  (34) ഇവരുടെ മകൻ വൈഷ്ണവ്  (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.  രഞ്ജിത്തിന്റെ സഹപാഠികളായ മിലിറ്ററി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗെറ്റ് ടുഗദറിൽ പങ്കെടുത്ത ശേഷമാണ് സംഘം നേപ്പാളിലേക്ക് വിനോദയാത്ര പോയത്.

സംഘത്തിലുണ്ടായിരുന്നവർ വാട്സ്ആപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കൾ അപകട വിവരം അറിഞ്ഞത്. അമ്പലപ്പുഴ, പാപ്പനംകോട് നിവാസികളായ സുഹൃത്തുക്കളും കുടുംബവുമാണു നേപ്പാൾ യാത്രയിൽ ഒപ്പമുണ്ടായിരുന്നവർ. ഭാര്യ ശരണ്യയുടെ പഠനാവശ്യത്തിനായി കഴിഞ്ഞവർഷം കൊച്ചിയിൽ താമസം ആരംഭിച്ചു. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ ശര്യണ്യയ്ക്കൊപ്പം പിതാവ് കെ.ശശിധരക്കുറുപ്പും കൊച്ചിയിലായിരുന്നു.

Exit mobile version