ഗൂഢാലോചന കേസ്; ശബ്ദ പരിശോധനയ്ക്ക് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടിസ്

 

ഗൂഢാലോചന കേസില്‍ ശബ്ദ പരിശോധനയ്ക്ക് ഹാജരാകാന്‍ പ്രതികള്‍ക്ക് നോട്ടിസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടിസ് പ്രതികള്‍ കൈപ്പറ്റിയിട്ടില്ല. വീടുകളില്‍ നോട്ടിസ് പതിപ്പിച്ച് ക്രൈം ബ്രാഞ്ച് സംഘം മടങ്ങി.

അതേസമയം ഗൂഢാലോചനക്കേസില്‍ ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതിഭാഗത്തിന്റെ വാദം ഏറെക്കുറെ പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ സാധ്യതയുണ്ട്. അതേസമയം കേസ് ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍.

കേസിന്റെ എഫ്.ഐ.ആറും, ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖയുടെ ആധികാരികതയും ചോദ്യം ചെയ്തായിരുന്നു പ്രതിഭാഗത്തിന്റെ നിര്‍ണ്ണായക നീക്കം.

നടിയെ ആക്രമിച്ച കേസിലെ വീഴ്ച്ചകള്‍ മനസ്സിലാക്കി തനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് കൃത്രിമ തെളിവുണ്ടാക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ബൈജു പൗലോസിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതിലുള്ള വൈരാഗ്യവും കേസിനു കാരണമായെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Exit mobile version