കെ-റെയില്‍ പദ്ധതിയില്‍ സര്‍ക്കാരിന് ലോണെടുക്കാനുള്ള ആവേശം മാത്രമാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ റെയില്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പഠനം നടത്താത്ത പദ്ധതി പ്രായോഗികമായ പദ്ധതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിപിആറില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം അബദ്ധമാണ്. സാമൂഹികാഘാത പഠനം നടത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോയത്. പദ്ധതി എന്തെന്ന് പോലും അറിയാതെ എങ്ങനെയാണ് കേന്ദ്രത്തിന് അനുമതി നല്‍കാന്‍ കഴിയുക. സംസ്ഥാന സര്‍ക്കാരിന്റേത് വെറും വാക്കാണ്.
എത്ര ലക്ഷം ടണ്‍ കല്ല്,മണ്ണ് വേണമെന്ന ഒരു ഐഡിയയും കെ റെയില്‍ കോര്‍പറേഷനില്ല. ഡി.പി.അറില്‍ ഡാറ്റാ കൃത്രിമം നടന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിച്ചു. പണ്ട് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ത്തവരാണ് സിപിഎം. കേരളം പരിസ്ഥിതി ലോല പ്രദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
