രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം; പ്രതിരോധം മുറുകെ പിടിച്ച് മുന്നേറാം

 

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2020 ജനുവരി 30ന് രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. തൃശൂര്‍ സ്വദേശിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന് കൂടെയുള്ള ജീവിതം നമുക്ക് സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണ്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് രാജ്യത്ത് ആദ്യമായി തൃശൂര്‍ സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ഒരു യുദ്ധ രംഗത്തായിരുന്നു നമ്മള്‍. പൊസിറ്റീവ്, ക്വാറന്റൈന്‍, സാനിറ്റൈസര്‍, കണ്ടെയ്ന്‍മെന്റ് സോണ്‍, ടെസ്റ്റ് പോസിറ്റിവിറ്റി തുടങ്ങി അപരിചിതമായ പല വാക്കുകള്‍ നമുക്ക് പരിചിത വാക്കുകളായി.

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടി പുറപ്പെട്ട കുഞ്ഞന്‍ വൈറസ് നമ്മെളെയെല്ലാം നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിട്ടു. കൊലപാതകങ്ങളില്ല, മോഷണങ്ങളില്ല, അപകടങ്ങളും പീഡനങ്ങളുമില്ലാതിരുന്ന ലോക്ക്ഡൗണ്‍ കാലം. ഒറ്റ അക്കത്തിലുണ്ടായിരുന്ന കൊവിഡ് കണക്ക് അഞ്ചക്കത്തിലെത്തിയത് വരെ നമ്മള്‍ കണ്ടു.

കൊവിഡ് പ്രതിസന്ധിയില്‍ നാടിന് കവചമൊരുക്കാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്നു. പിന്നീട് ആശ്വാസമായി കൊവിഡ് വാക്‌സിനുമെത്തി. പക്ഷെ ആശങ്കയായി കൊവിഡ് കണക്കുകള്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നു. നമ്മള്‍ കൊവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കൊവിഡ് പ്രതിരോധം മുറുകെ പിടിച്ച് ജീവിക്കാന്‍ പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകള്‍.

കൊവിഡ് ഇതുവരെ സംസ്ഥാനത്ത് കവര്‍ന്നത് 53,191 ജീവനുകളാണ്. മഹാമാരി കവര്‍ന്ന 730 ദിവസങ്ങളില്‍ ഇനിയും കൊവിഡ് ദിവസങ്ങള്‍ കൂട്ടിചേര്‍ക്കാതിരിക്കാന്‍ ജാഗ്രതയോടെ മുന്നോട്ട് പോകാം.

 

Exit mobile version