കോവിഡ് ഉയരുന്നു; ‘രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ഇനി ക്വാറന്റീന്‍ വേണ്ട’; നാളെ സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണം

 

എറണാകുളത്തിന് പുറമേ കൂടുതല്‍ ജില്ലകളില്‍ പ്രതിദിന കോവിഡ് ബാധ ഉയരുന്നു. തൃശൂരും കോട്ടയവും ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ധന പ്രകടമായപ്പോള്‍ തിരുവനന്തപുരത്ത് കുറയുന്നതായും സൂചനകള്‍. അതേസമയം രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാനനിയന്ത്രണം തുടങ്ങും.

മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു രോഗവ്യാപനം അതിതീവ്രം. എന്നാല്‍ ഒരാഴ്ചയായി പ്രതിദിന രോഗബാധ പടിപടിയായി കുറയുകയാണ്. ഒരു ഘട്ടത്തില്‍ പ്രതിദിനം പതിനായിരം പേര്‍ വരെ രോഗികളായിരുന്നെങ്കില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 6735 പേര്‍ക്ക് മാത്രം. ജില്ലയിലെ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തിയ ശേഷം കുറയുന്നതാണെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ സംസ്ഥാനത്ത് രോഗവ്യാപനം ഏറ്റവും കൂടിയ ജില്ലയായി എറണാകുളം തുടരുകയാണ്. തൃശൂര്‍, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലും പ്രതിദിന രോഗബാധ ഉയരുന്ന സൂചനയാണ് കാണുന്നത്. ഫെബ്രൂവരി ആദ്യ ആഴ്ചയോടെ കൂടുതല്‍ ജില്ലകളില്‍ രോഗവ്യാപനം തീവ്രമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്ത് പടരുന്നതിലേറെയും ഡെല്‍റ്റയേക്കാള്‍ തീവ്രത കുറഞ്ഞ ഒമിക്രോണാണെന്ന് വ്യക്തമായതോടെ ക്വാറന്റീന്‍ നിശ്ചയിക്കുന്ന രീതി ആരോഗ്യ വകുപ്പ് പുതുക്കി. ക്വാറന്റീന്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് മാത്രമാക്കി.

രോഗവ്യാപനം നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം നാളെയും തുടരും. ഇന്ന് അര്‍ധരാത്രിക്ക് ശേഷം യാത്രകള്‍ക്ക് വിലക്കുണ്ട്. അനാവശ്യ യാത്രക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നാളെ രാവിലെ മുതല്‍ പൊലീസ് പരിശോധനയുണ്ടാവും. അവശ്യ വിഭാഗത്തിലുള്ള സ്ഥാപനങ്ങളേ തുറക്കാനാവു.

Exit mobile version