ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി; ദിലീപിന് രൂക്ഷ വിമര്‍ശനം

 

ഗൂഢാലോചനാ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണ്‍ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് അനിവാര്യമായ തെളിവായ മൊബൈല്‍ ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.

എന്നാല്‍ പൊലീസ് ചോദിച്ച ഫോണുകള്‍ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്ന് ദിലീപ് മറുപടി നല്‍കി. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ഫോറന്‍സിക് പരിശോധന കഴിഞ്ഞ് ഫോണ്‍ ലഭിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് കടന്നുകയറാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണ് ഫോണുകള്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയതെന്നും ദിലീപ് പറഞ്ഞു.

ബാലചന്ദ്രകുമാറിന്‍ന്റെവെളിപെടുത്തലിന് ശേഷം നാലുപേരും ഫോണ്‍ മാറ്റിയിട്ടുണ്ടെന്നും ഫോണ്‍ സുപ്രധാന തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തി ഫലം കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിലപാട് കേട്ടു കേള്‍വിയില്ലാത്തതാണ്. ദിലീപിന് കൂടുതല്‍ സമയം നല്‍കരുതെന്നും അത് അപകടകരമാണ്. അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം അന്വേഷണ പുരോഗതിയെ ബാധിക്കുന്നുണ്ട്. ദിലീപ് കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല- പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍, ഫോണ്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം ഉപഹര്‍ജി ആയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയിരുന്നത്. ഈ ഉപഹര്‍ജിയിലാണ് വിശദമായ വാദം പൂര്‍ത്തിയാക്കിയത്.

ഫോണ്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തോട് തുടക്കം മുതല്‍ തന്നെ അനുകൂല നിലപാടാണ് കോടതി സ്വീകരിച്ചത്. ഹൈക്കോടതി രജിസ്ട്രിക്ക് ഫോണ്‍ കൈമാറണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അഡ്വ. രാമന്‍പിള്ളയ്ക്ക് പകരം ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രോസിക്യൂഷന്റെ ആവശ്യം എതിര്‍ത്തു. സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പ്രകാരം പ്രതികളോട് തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ് എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അത് നിയമവിരുദ്ധമാണ് എന്നും അദ്ദേഹം വാദിച്ചു. രജിസ്ട്രിക്ക് ഫോണ്‍ കൈമാറുന്നതില്‍ എന്താണ് തടസ്സം എന്നാണ് കോടതി ഇതില്‍ പ്രതികരിച്ചത്.

ജാമ്യാപേക്ഷയില്‍ കോടതി നാളെ രാവിലെ പതിനൊന്നു മണിക്ക് വാദം കേള്‍ക്കും. നേരത്തെ, ദിലീപിനെതിരെ ക്രൈംബ്രാഞ്ച് നിര്‍ണായക തെളിവ് കണ്ടെത്തിയിരുന്നു. കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പാണ് ലഭിച്ചത്.

 

 

Exit mobile version