കെ റെയിലിനെ എതിര്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം സൈബര്‍ ആക്രമണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘ്പരിവാറും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ചരിത്രം പരിശോധിച്ച് ഉത്തരവാദിത്തപ്പെട്ട ആളുകള്‍ പോലും വ്യക്തിപരമായി അക്രമിക്കുകയാണ്. ഇത് സ്റ്റാലിനിസ്റ്റ് റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സി.പി.എം ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ മധുവിന്റെ കൊലാപാതകക്കേസ് കൃത്യമായി നടത്താന്‍ സര്‍ക്കാറിന് കഴിയാത്തത് കേരളത്തിന് അപമാനകരമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. പ്രോസിക്യൂട്ടറെപ്പോലും നിയമിക്കാന്‍ കഴിയുന്നില്ല. പെരിയ കേസിലെ കൊലപാതകികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച സര്‍ക്കാറാണ് ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസില്‍ നിരത്തരവാദപരമായി പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതില്‍ കോടിയേരിയുടെ ലേഖനം പുതിയ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി സ്വന്തം മുന്നണിയില്‍പ്പെട്ട കാനം രാജേന്ദ്രന് ആദ്യം മറുപടി കൊടുക്കട്ടെ എന്നും സതീശന്‍ പറഞ്ഞു.
