സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്. തീയറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടഞ്ഞു കിടക്കും.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 94 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും പ്രതിദിന കണക്കുകള്‍ അമ്പതിനായിരത്തിന് മുകളില്‍ തന്നെയാണ്. വരുന്ന മൂന്നാഴ്ച കൂടി അതി തീവ്ര വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
നിയന്ത്രണങ്ങള്‍ക്കിടെ ഞായറാഴ്ചകളില്‍ സിനിമാ തീയറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി അറിയിച്ചേക്കും. ഷോപ്പിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
അതേസമയം കേരളത്തില്‍ ഇന്നലെ 51,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42,653 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചു. 44.60 % ആണ് ടിപിആര്‍. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.
