തേഞ്ഞിപാലം പോക്സോ കേസ്; പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

 

 

തേഞ്ഞിപാലം പോക്സോ കേസില്‍ പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. ബാലവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരായ സി.ഡബ്ല്യു.സിയുടെ വിമര്‍ശനം. നിയമപ്രകാരം പൊലീസ് സമര്‍പ്പിക്കേണ്ടിയിരുന്ന എ, ബി ഫോറങ്ങളും സമര്‍പ്പിച്ചിരുന്നില്ലെന്നും കുട്ടിക്ക് സുരക്ഷ ആവശ്യമാണെന്ന കാര്യം ജില്ലാ ശിശു സംരക്ഷണ ഓഫീസറെ അറിയിച്ചിരുന്നില്ലെന്നും സി.ഡബ്ല്യു.സി ചൂണ്ടിക്കാട്ടി.

പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. പോക്സോ കേസുകളുണ്ടാകുമ്പോള്‍ കൂടുതല്‍ സംരക്ഷണം ഒരുക്കുന്നതിനു വേണ്ടി ഇരയെ സി.ഡബ്ല്യു.സി ക്കു മുന്നില്‍ ഹാജരാക്കണമെന്നും ഏതെങ്കിലും തരത്തില്‍ കൗണ്‍സിലിംഗ് ആവശ്യമുണ്ടെങ്കില്‍ സി.ഡബ്ല്യു.സിയെ അറിയ്ക്കണമെന്നും നിബന്ധനയുണ്ട്. എന്നാല്‍ ഈ നടപടി ക്രമങ്ങളൊന്നും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്ക് സംരക്ഷണം ആവശ്യമാണെന്ന് കണ്ട് പൊലീസ് ക്രിയാത്മകമായി മുന്നോട്ട് പോവുകയായിരുന്നു വേണ്ടത്. സംരക്ഷണം വേണമെന്ന് പൊലീസ് അറിയിക്കാത്തതിനെ തുടര്‍ന്ന് ഇരയ്ക്ക് ലഭ്യമാകേണ്ടിയിരുന്ന സുരക്ഷയും കൗണ്‍സിലിങ്ങും ഉറപ്പുവരുത്താന്‍ സാധിച്ചില്ല. ഇത് പൊലീസിനു സംഭവിച്ച ഗുരുതരമായ വീഴ്ച്ചയാണെന്നാണ് സി.ഡബ്ല്യു.സി ചൂണ്ടിക്കാട്ടുന്നത്. കൃത്യമായ കൗണ്‍സിലിങ്ങും സംരക്ഷണവും ലഭിച്ചിരുന്നെങ്കില്‍ ആത്മഹത്യ പ്രവണതയില്‍ നിന്നും ഒരുപക്ഷെ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാനാകുമായിരുന്നു.

Exit mobile version