കൊവിഡ് അവലോകന യോഗം ഇന്ന്

 

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും. കഴിഞ്ഞ അവലോകന യോഗത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണോ എന്ന് യോഗം വിലയിരുത്തും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 45,499 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആര്‍ 44.88 ശതമാനത്തിലെത്തി. നാല് ദിവസം കൊണ്ട് രോഗബാധിതരായത് 1,78,820 പേര്‍. എറണാകുളം ജില്ലയില്‍ മാത്രം പ്രതിദിന കേസുകള്‍ പതിനൊന്നായിരം കടന്നു.

ഈ അതിതീവ്രവ്യാപനത്തെ ഗൗരവത്തോടെയാണ് സര്‍ക്കാരും നോക്കിക്കാണുന്നത്. ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ പിന്‍ബലമില്ലെന്ന വിമര്‍ശനം ശക്തമാണ്.

ഏറെ നാളുകള്‍ക്ക് ശേഷം ഏര്‍പെടുത്തിയ ഞായറാഴ്ച്ച നിയന്ത്രണം ഇന്നലെ സമ്പൂര്‍ണമായിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും.

Exit mobile version