ദിലീപിനെ കസ്റ്റഡിയില്‍ വേണ്ട എന്ന് നിങ്ങളെങ്ങനെ പറയും? പ്രതിഭാഗത്തോട് ഹൈക്കോടതി; സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവ ഗുരുതരമായ കാര്യമെന്നും കോടതി

 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ പിന്നീട് കേസ് അന്വേഷണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ സാധാരണക്കാരല്ല. വലിയ സ്വാധീനമുള്ളവരാണ്. ഓരോ സാക്ഷികളെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ഓടിക്കൂടുകയാണ്. വിചാരണക്കോടതിയില്‍ വാദിക്കാന്‍ പോലും പ്രതിഭാഗം അനുവദിക്കാത്ത സ്ഥിതിയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ ഒരു കാരണം ഇതാണെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വാദിച്ചു.

വെറുതെ സ്വന്തം വീട്ടിലെ സ്വീകരണമുറിയില്‍ ഇരുന്ന് ഒരു നിമിഷത്തെ വികാരവിക്ഷോഭത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് പറഞ്ഞതല്ല ദിലീപെന്നും, അതിന് വഴി വയ്ക്കുന്ന പ്രവൃത്തികള്‍ ചെയ്‌തെന്ന് ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം.

പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതില്ല എന്ന് നിങ്ങളെങ്ങനെ പറയുമെന്ന് പ്രതിഭാഗം അഭിഭാഷകരോട് ഹൈക്കോടതി ചോദിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവ ഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസില്‍ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു.

കേസന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ട് എന്നും, എന്നാല്‍ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

എന്നാല്‍ ബാലചന്ദ്രകുമാര്‍ പ്രോസിക്യൂഷന്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും തന്നെ ടിപ്പറിടിപ്പിച്ച് ദിലീപ് കൊല്ലാന്‍ ശ്രമിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ മൊഴി വ്യാജമായി പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആരോപിക്കുന്നു.

എന്നാല്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂട്ടര്‍ വാദിക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവന്‍ സംരക്ഷിക്കേണ്ടതുണ്ട്. ഈ കേസില്‍ വലിയ മാനിപ്പുലേഷന്‍സ് നടക്കുന്നുണ്ട്. പ്രതികള്‍ സാധാരണക്കാര്‍ അല്ല. സാധാരണക്കാരന്റെ വെറും വികാരവിക്ഷോഭമല്ല ദിലീപിന്റേത്. അത്തരത്തില്‍ തന്റെ വീടിന്റെ സ്വീകരണ മുറിയിലിരുന്ന് ദിലീപ് വെറുതെ പറഞ്ഞതല്ല. ഒരു മുറിയിലിരുന്ന് പറഞ്ഞത് മാത്രമല്ല ഈ കേസില്‍ തെളിവായുള്ളത്. ഇതിലേക്ക് നയിക്കുന്ന പ്രവൃത്തികളും ചെയ്‌തെന്ന് ഡിജിറ്റല്‍ തെളിവുകളുണ്ട്.

എന്നാല്‍ എന്താണീ തെളിവുകള്‍ എന്നറിയാതെ എന്താണ് തിരികെ വാദിക്കുക എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ ചോദിക്കുന്നത്. ഹര്‍ജിക്കാരെ തെളിവ് കാണിക്കാതെ ഒരു ഉത്തരവ് പാസ്സാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയും പറഞ്ഞു.

അതേസമയം, സാക്ഷിമൊഴിയില്‍ ദിലീപ് ഇടയ്ക്കിടെ മറ്റൊരു മുറിയില്‍ പോയി മദ്യപിക്കുന്നതായി പറയുന്നുണ്ടല്ലോ എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ദിലീപ് പറഞ്ഞത് മദ്യലഹരിയിലാണോ എന്ന് അന്വേഷിക്കണം എന്നും കോടതി വ്യക്തമാക്കി. എന്നാല്‍ മദ്യലഹരിയില്‍ ഭീഷണി മുഴക്കി എന്നത് പ്രതിരോധമായി ദിലീപിന് സ്വീകരിക്കാനാകില്ല എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

Exit mobile version