തിരുവനന്തപുരത്ത് അതിതീവ്ര വ്യാപനം; ടിപിആര്‍ 50; ഗ്രാമപ്രദേശങ്ങളില്‍ ടിപിആര്‍ 75 കടന്നു, കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങും

 

തിരുവനന്തപുരത്ത് അതിതീവ്ര രോഗവ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പതിലെത്തിയതോടെ ഔദ്യോഗിക റിലീസില്‍ നിന്ന് ടിപിആര്‍ നീക്കി. ഗ്രാമപ്രദേശങ്ങളില്‍ ടിപിആര്‍ 75 കടന്നു. നാല് രണ്ടാം നിര ചികില്‍സാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുന്നു. 200 ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിരായതോടെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധിയിലാണ്.

തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 45 നു മുകളിലാണ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ 15, 917 പരിശോധനകള്‍ നടന്നപ്പോള്‍ ഏഴായിരത്തിലേറെ പേര്‍ക്ക് രോഗബാധ. ടിപിആര്‍. 49.6 ശതമാനം. പരിശോധിക്കുന്നവരില്‍ രണ്ടിലൊരാള്‍ പോസിറ്റീവ്. ടിപിആര്‍ ഉയര്‍ന്നതോടെ ഔദ്യോഗിക റിലീസില്‍ നിന്ന് നീക്കി. ആരോഗ്യ വകുപ്പ് നിര്‍ദേശ പ്രകാരമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

കോട്ടുകാല്‍, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ 75 ശതമാനത്തിലേറെ രോഗസ്ഥിരീകരണ നിരക്ക് ഉയര്‍ന്നു. പതിനൊന്ന് തദ്ദേശസ്ഥാപനങ്ങളില്‍ അറുപതിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതോടെയാണ് കൂടുതല്‍ രണ്ടാംനിര ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. പൂജപ്പുര ആയുര്‍വേദ ആശുപത്രി, നെടുമങ്ങാട് റിംസ്, പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രി എന്നിവ രണ്ടാം നിര ചികില്‍സാ കേന്ദ്രങ്ങളാക്കും. വര്‍ക്കല ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിലും രണ്ടാം നിര ആശുപത്രിയുടെ സൗകര്യമൊരുക്കും. മെഡിക്കല്‍ കോളജിലെ കിടക്കകളുടെ എണ്ണം 400 ആയി വര്‍ധിപ്പിച്ചു. സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍.

Exit mobile version