സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കത്തില്‍ത്തന്നെ സംസ്ഥാനത്ത് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ സ്ഥിതി വഷളാകുമന്നും കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വീണാ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

നിലവില്‍ രണ്ടാം കോവിഡ് തരംഗം പൂര്‍ണമായി അവസാനിക്കുന്നതിന് മുന്‍പാണ് മൂന്നാം തരംഗം ഉണ്ടായത്. ഇപ്പോള്‍ സംസ്ഥാനത്ത് ഡെല്‍റ്റയും ഒമൈക്രോണും പടരുന്നതായും ഡെല്‍റ്റയെ അപേക്ഷിച്ച് ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കുറവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. മണവും രുചിയും കിട്ടുന്നുണ്ട് എന്ന് കരുതി കോവിഡില്ല എന്ന് ഉറപ്പാക്കരുത്. ഒമൈക്രോണ്‍ ബാധിച്ചവരില്‍ പലര്‍ക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല.

കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണം. എന്‍ 95 മാസ്‌ക്, അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Exit mobile version