കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ വരും; തീരുമാനം നാളെ

2021 ലെ കോവിഡ് വ്യാപനത്തെക്കാളും വലിയ രോഗവ്യാപനമാണ് സംസ്ഥാനത്തിപ്പോള്‍ ഉള്ളതെന്ന് വിലയിരുത്തി സംസ്ഥാന മന്ത്രിസഭാ യോഗം. കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്ന വിലയിരുത്തലുകളുമുണ്ട്. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നുള്ള പൊതു വിലയിരുത്തലാണ് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്.

നിയന്ത്രണങ്ങളുടെ കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനങ്ങളൊന്നും കൈക്കൊണ്ടില്ല. ആരോഗ്യവിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന കോവിഡ് അവലോകന സമിതിയാണ് പ്രധാനമായും നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന സൂചന തന്നെയാണ് മന്ത്രി സഭായോഗം കഴിയുമ്പോള്‍ ലഭിക്കുന്നത്. ഏതൊക്കെ മേഖലകളില്‍, ഏത് രീതിയിലാകും നിയന്ത്രണങ്ങള്‍ വരിക എന്നുള്ളത് നാളെ വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗമാകും തീരുമാനമെടുക്കുക.

കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ആശ്വാസം നല്‍കുന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. വലിയൊരു ആശങ്കയിലേക്ക് പോകേണ്ട കാര്യമില്ല. എന്നാല്‍, കര്‍ശനമായ ജാഗ്രത തുടരണം. ആള്‍ക്കൂട്ട നിയന്ത്രണങ്ങളില്‍ കടുപ്പിക്കല്‍ വരുത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യ തരംഗത്തിലേതുപോലെ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകില്ലെന്നു തന്നെയാണ് ലഭിക്കുന്ന സൂചനകള്‍.

നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സാധ്യതകളാണ് കാണുന്നത്. ബാറുകള്‍, മാളുകളിലെ ആള്‍ക്കൂട്ടം, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളോ വിലക്കുകളോ വന്നേക്കാം. സംസ്ഥാനത്തിന്റെ പൊതു സ്ഥിതിയാണ് മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തിയത്. കോവിഡ് പ്രതിദിന കണക്കുകള്‍ എതിരായി നില്‍ക്കുകയാണ്. 35.27 ശതമാനമാണ് സംസ്ഥാനത്തെ ടിപിആര്‍. ഏറ്റവും കൂടിയ കോവിഡ് നിരക്കുള്ള സമയത്തു പോലും ഉണ്ടാകാത്ത ഭീഷണി സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുകയാണ്.

പ്രതിപക്ഷം ഉള്‍പ്പെടെ സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ പൂര്‍ണമായ ലോക്ക്ഡൗണിലേക്ക് സര്‍ക്കാര്‍ പോകില്ലെന്നു തന്നെ കരുതേണ്ടി വരും. എന്നാല്‍, കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് രോഗബാധ നിയന്ത്രിക്കാനുള്ള സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തെ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയെ നിശ്ചലമാക്കിയിരുന്നു.

Exit mobile version