കോവിഡ്; ഗതാഗതനിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗവും ചേരുന്നുണ്ട്. അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ വിശദീകരിക്കും. സംസ്ഥാനത്ത് ഏതെല്ലാം മേഖലകളില്‍ നിയന്ത്രണം വേണമെന്ന കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ മന്ത്രിസഭായോഗത്തില്‍ ഉണ്ടാകും.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ബസുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ പാടില്ലെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയേക്കും. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്നും യോഗം ചര്‍ച്ച ചെയ്യും.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 35.27 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി അതിരൂക്ഷമാണ്.

Exit mobile version