മണ്‍ട്രോതുരുത്തില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് സംശയം

കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് സംശയം. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ഇന്നലെ രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുരുഷോത്തമന്‍ മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇവര്‍ രണ്ടുപേരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് വിലാസിനിയെ കണ്ടെത്തിയത്.

സ്വയം മരിക്കുകയാണെന്നും സ്വത്ത് ആര്‍ക്കൊക്കെ നല്‍കണമെന്നുമെല്ലാം ചുവരില്‍ എഴുതിയിരുന്നു. പുരുഷോത്തമന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ഇതെന്നാണ് പൊലീസ് അനുമാനം.

Exit mobile version