സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

 

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. മൂന്ന് മണിക്ക് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി മാനിച്ചു കൊണ്ട് അന്തിമതീരുമാനം എടുക്കാമെന്നാണ് ധാരണയായിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

സ്‌കൂളുകള്‍ പൂര്‍ണമായി അടച്ചിടില്ല എന്ന് തന്നെയാണ് നിലവിലെ തീരുമാനം. 10, 12 ക്ലാസ്സുകള്‍ ഓഫ് ലൈനായിത്തന്നെ തുടരും. പതിനൊന്നാം ക്ലാസ്സും ചിലപ്പോള്‍ ഓഫ് ലൈനായിത്തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന. ഒന്ന് മുതല്‍ ഒമ്പതാംക്ലാസ്സ് വരെ വീണ്ടും ഓണ്‍ലൈനാക്കിയിരുന്നു.

നിലവില്‍ രണ്ട് ബാച്ചുകളായി മൂന്ന് ദിവസം വീതമായാണ് സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ നടക്കുന്നത്. ഇതില്‍ മാറ്റമുണ്ടായേക്കാം. പരീക്ഷാത്തീയതികളില്‍ മാറ്റമില്ലാതെ തുടരാനും അക്കാദമിക് കലണ്ടര്‍ താളം തെറ്റാതെ തുടരാനും വേണ്ട നടപടികളുണ്ടാകും.

Exit mobile version