സില്‍വര്‍ ലൈന്‍; മുഖ്യമന്ത്രി മൗനം തുടരുകയാണ്, യുഡിഎഫ് ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല- വി ഡി സതീശന്‍

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി വീണ്ടും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് സമരവുമായി മുന്നോട്ട് പോകും. യുഡിഎഫ് ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഒരു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ സില്‍വര്‍ ലൈന് എതിരായി ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികളും സമരങ്ങളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി

അതേസമയം സില്‍വര്‍ ലൈന്‍, സാമൂഹിക ആഘാത പഠനത്തിന് ഇന്ന് കണ്ണൂരില്‍ തുടക്കമാകും. ആദ്യഘട്ട പഠനം പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലാണ്. ദിവസവും 5 മുതല്‍ 10 വരെ കുടുംബങ്ങളെ സര്‍വേ സംഘം സമീപിക്കും.

മറ്റു ജില്ലകളിലും നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. മേയില്‍ 11 ജില്ലകളിലെയും സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കലിലേക്കു നീങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സര്‍ക്കാരിന്റെ എല്ലാ വന്‍കിട പദ്ധതികള്‍ക്കും തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ്. എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭൂമി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങള്‍ നഷ്ടപരിഹാരത്തുകയുടെ കാര്യത്തില്‍ തീരുമാനമാകുന്നതോടെ അയയുമെന്നാണ് കണക്കുകൂട്ടല്‍.

Exit mobile version